കണ്ണൂർ: പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് മാലിന്യം ഒഴുക്കിവിട്ട സംഭവത്തിൽ പോലീസിൽ പരാതി നൽകി. കന്റോൺമെന്റ് സിഇഒ പ്രശാന്ത്കുമാർ സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. കണ്ണൂരിലെ മിലിട്ടറി ആസ്ഥാനത്തിനടുത്ത് പ്രതിരോധ വകുപ്പിന്റെ ബോർഡ് സ്ഥാപിച്ചതിന് തൊട്ടടുത്താണ് വലിയ തോതിൽ മാലിന്യം ഒഴുക്കിവിട്ടത്.
സെന്റ് മൈക്കിൾസ് സ്കൂളിലെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഇരുട്ടിന്റെ മറവിൽ മാലിന്യം ഒഴുക്കിവിടുകയായിരുന്നു. വാഹനങ്ങളുടെ ഡ്രൈവർമാരാണ് സംഭവം കണ്ടത്. തുടർന്ന് കന്റോൺമെന്റ് ശുചീകരണ തൊഴിലാളികൾ സ്ഥലത്തെത്തി ബ്ലീച്ചിംഗ് പൗഡർ വിതറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു.